Rebuild Wayanad
02-Feb-2025
റീബിൽഡ് വയനാട് പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പ്.
പ്രിയപ്പെട്ടവരേ...
കഴിഞ്ഞ വർഷം കേരളത്തെ പിടിച്ച് കുലുക്കിയ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ബി എസ് എസ് ഗുരുകുലത്തിലെ വിദ്യാർത്ഥിസമൂഹവും, ഗുരുകുലത്തിൻ്റെ അഭ്യുദയകാംക്ഷികളും ചേർന്ന് HOPE - ൻ്റെ നേതൃത്വത്തിൽ ഏറ്റെടുത്ത മഹത്തായ ദൗത്യമായിരുന്നു റീബിൽഡ് വയനാട്. ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിന് പകരം ഗവൺമെൻ്റ് പുതിയ സ്കൂൾ നിർമ്മിക്കുന്ന ഘട്ടത്തിൽ അതിലെ ഒരു അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ സമാഹരിക്കുക എന്നതായിരുന്നു ഈ ഉദ്യമത്തിൻ്റെ ലക്ഷ്യം. വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി സമൂഹത്തിലെ സുമനസ്സുകളുടെ നിർലോഭമായ പിന്തുണ കൊണ്ട് 50 ദിവസം കൊണ്ട് 50 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാൻ കഴിഞ്ഞിരുന്നു. ഈ ഉദ്യമത്തിൻ്റെ സദുദ്ദേശം മനസ്സിലാക്കി സഹകരിച്ച എല്ലാവരോടും ഉള്ള ഹോപ്പിൻ്റെ നന്ദി ഒരിക്കൽ കൂടി പ്രകാശിപ്പിക്കുന്നു.
ഈ തുക കാര്യക്ഷമമായും, സുതാര്യമായും വിനിയോഗിക്കുക എന്ന കർത്തവ്യം തിരിച്ചറിഞ്ഞ് ഹോപ്പിൻ്റെ അധികൃതർ സമീപിച്ചത് കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വളരെ നല്ല രീതിയിൽ നേതൃത്വം നൽകി വരുന്ന ശ്രീ മോഹൻലാൽ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷൻ എന്ന സംഘടനയെയാണ്. വിശ്വശാന്തി ഫൗണ്ടേഷന് വേണ്ടി ശ്രീ മോഹൻലാൽ ദുരന്തം നടന്ന സന്ദർഭത്തിൽ തന്നെ 3 കോടി രൂപയുടെ സഹായം വയനാടിന് വേണ്ടി വാഗ്ദാനം നൽകിയിരുന്നു. ഇതിനോടൊപ്പം ചേർന്നാണ് ഹോപ്പ് സമാഹരിച്ച 50 ലക്ഷം രൂപ വിനിയോഗിക്കാൻ ഹോപ്പ് ധാരണയിൽ എത്തിയത്. എറണാകുളത്ത് വെച്ച് വിശ്വശാന്തി ഫൗണ്ടേഷൻ അധികൃതരുമായി ഹോപ്പ് അധികൃതർ നടത്തിയ ചർച്ചയ്ക്ക് ശേഷം വയനാട്ടിൽ ഗവൺമെൻ്റ് പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്ന മുറയ്ക്ക് ഗവൺമെൻ്റുമായി സഹകരിച്ച് സ്കൂൾ നിർമ്മാണവുമായി മുന്നോട്ട് പോകും എന്നാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.
സർക്കാർ തലത്തിൽ, ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരണവും അതിനെത്തുടർന്നുള്ള നടപടികളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ ടൗൺഷിപ്പിനുള്ള സ്ഥലം ഏറ്റെടുപ്പും പൂർത്തിയായതായി മനസ്സിലാക്കുന്നു.
അടുത്ത ഘട്ടമായി ടൗൺഷിപ്പ് നിർമ്മാണവും, സ്കൂൾ നിർമ്മാണവും ഉയർന്ന് വരുന്ന സാഹചര്യത്തിൽ ഹോപ്പും, വിശ്വശാന്തിയും ചേർന്ന് പുതിയ ഒരു സ്കൂൾ നിർമ്മാണവും, അതിൽ 'സ്വാമി നിർമ്മലാനന്ദ യോഗി സ്മാരക അക്കാദമിക ബ്ലോക്ക്' എന്ന പേരിൽ കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്യും.
2024 ആഗസ്റ്റ് ആദ്യവാരം ആരംഭിച്ച് ഒക്ടോബർ അവസാന വാരത്തോടെ സമാപിച്ച ധനസമാഹരണത്തിൻ്റെ ഭാഗമായി ശേഖരിച്ച മുഴുവൻ തുകയ്ക്കും രശീത് നൽകുകയും, ഈ തുക അക്കൗണ്ടിൽ നിക്ഷേപിച്ച് ഓഡിറ്റിംഗിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. വിശ്വശാന്തിയുമായി എത്തിയ ധാരണ പ്രകാരം 2025 ഫെബ്രുവരി 2 ന് ശ്രീ മോഹൻലാൽ, ശ്രീ മേജർ രവി തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷൻ അധികൃതർക്ക് എറണാകുളത്ത് വെച്ച് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ആയത് ബാങ്കിൽ നിന്ന്.... തിയതി വിശ്വശാന്തിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
സ്കൂൾ നിർമ്മാണത്തിനായി സർക്കാർ സ്ഥലം നിർദേശിക്കുന്ന മുറയ്ക്ക് വിശ്വശാന്തിയും, ഹോപ്പും ചേർന്ന് സ്കൂൾ നിർമ്മാണത്തിന് നേതൃത്വം നൽകും. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു അക്കാദമിക ബ്ലോക്ക് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക തന്നെ ചെയ്യും.
ഇതുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും, പോസ്റ്റ് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.